ദിവ്യകാരുണ്യ കോണ്‍ഗ്രസോടെ കണ്ണൂർ രൂപതാ രജത ജൂബിലി സമാപിച്ചു

കണ്ണൂര്‍ രൂപത വിശുദ്ധരെ സൃഷ്ടിക്കുന്ന സ്ഥാപനമായെന്ന് ബിഷപ് ചക്കാലക്കല്‍.

കണ്ണൂര്‍: വിശുദ്ധരെ സൃഷ്ടിക്കുന്ന സ്ഥാപനമായി കണ്ണൂര്‍ രൂപത മാറിയെന്ന് കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കല്‍. രൂപത സ്ഥാപനത്തിന്റെ രജത ജൂബിലിയുടേയും ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റേയും സമാപമായി നടത്തിയ ദിവ്യബലിയില്‍ പ്രധാന കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധന്യ. സിസ്റ്റര്‍ സെലിന്‍, ദൈവദാസി മദര്‍ പേത്ര, ദൈവദാസന്‍ സുക്കോളച്ചന്‍ എന്നിവര്‍ക്ക് ശേഷം വിശുദ്ധരാകുനുള്ള മിഷനറി വര്യന്മാര്‍ ഏറെയുള്ള രൂപതയാണ് കണ്ണൂര്‍. മറ്റൊരു രൂപതക്കുമില്ലാത്ത സവിശേഷതയാണിത്. മുന്‍കാല മിഷനറിമാരുടെ ത്യാഗപൂര്‍വമായ സേവനത്തിന്റെ ഫലമായാണ് ഈ ഭാഗ്യം കണ്ണൂര്‍ രൂപതക്ക് ലഭിച്ചിരിക്കുന്നതെന്നും ബിഷപ് പറഞ്ഞു. ആഞ്ചുനൂറ്റാണ്ടിലേറെയുള്ള ക്രൈസ്ഥവ സാന്നിദ്ധ്യമാണ് കണ്ണൂരിനുള്ളത്. ഇരുപത്തഞ്ച് വര്‍ഷം മുമ്പ്് പ്രശ്‌നകലുഷിതമായ സാഹചര്യത്തില്‍ പിറന്ന കണ്ണൂര്‍ രൂപത സമാധാനത്തിന്റെ സന്ദേശം നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തനമാരംഭിച്ചതെന്ന് രൂപതയുടെ പ്രഥമ മെത്രാന്‍കൂടിയായിരുന്ന ബിഷപ് ചക്കാലക്കല്‍ ഓര്‍മ്മിപ്പിച്ചു.

പ്രേഷിത സ്മരണയുണര്‍ത്തിയ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച ദിവ്യബലിയില്‍ കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ അലക്‌സ് വടക്കുംതല, തലശ്ശേരി ആര്‍ച്ച്ബിഷപ്പ് എമിരിത്തൂസ് ജോര്‍ജ് വലിയമറ്റം, ആര്‍ച്ച് ബിഷപ്പ് എമിരിത്തൂസ് ജോര്‍ജ് ഞരളക്കാട്ട്, താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബത്തേരി ബിഷപ്പ് മാര്‍ ജോസഫ് തോമസ്, കോട്ടയം സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി, മാനന്തവാടി സഹായമെത്രാന്‍ അലക്സ് താരാമംഗലം, മോണ്‍.ക്ലാരന്‍സ് പാലിയത്ത്, മോണ്‍.ജെന്‍സണ്‍, താമരശേരി രൂപത മോണ്‍.അബ്രഹാം, രൂപതാ വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

പുതിയ പാസ്റ്ററൽ സെന്ററിന്റെ അടിസ്ഥാനശിലയുടെ വെഞ്ചിരിപ്പ് ബിഷപ് ചക്കാലക്കല്‍ നിര്‍വഹിച്ചു. രൂപതയിലെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരെ അനുമോദിച്ചു. രൂപതയുടെ സ്‌കാളര്‍ഷിപ്പ് വിതരണവും മണിപ്പൂര്‍ കലാപത്തില്‍ നിരാശ്രയരായതിനെ തുടര്‍ന്ന് പിലാത്തറ സെന്റ് ജോസഫ് കോളേജില്‍ പഠനസൗകര്യമൊരുക്കി പുനരധിവസിപ്പിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സഹായവും ചടങ്ങില്‍ നല്‍കപ്പെട്ടു. രൂപതയിലെ നിര്‍ദ്ധനര്‍ക്കായി നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനം ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് നിര്‍വഹിച്ചു. ജൂബിലി സ്മരണികയുടെ പ്രകാശനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം നിര്‍വഹിച്ചു. ദിവ്യബലിക്ക്‌ശേഷം ബര്‍ണശ്ശേരിയുടെ വീഥികളിലൂടെ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയാണ് കഴിഞ്ഞ ജൂലൈ 29ന് ആരംഭിച്ച നൂറ്ദിന ആരാധനയോടെ തുടങ്ങിയ ആഘോഷ പരിപാടികള്‍ സമാപിച്ചത്.

രാവിലെ മുതല്‍ ആരംഭിച്ച ദിവ്യകാരുണ്യ ആരാധനക്ക് ഫാ.സന്തോഷ് വില്യം, ഫാ.രാജന്‍ ഫൗസ്‌തോ എന്നിവര്‍ നേതൃത്വം നല്‍കി.തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ഷെക്കീന ടെലിവിഷന്‍ എംഡി ബ്രദര്‍ സന്തോഷ് കരുമാത്ര എന്നിവര്‍ ദിവ്യകാരുണ്യ പ്രഭാഷണം നടത്തി.