യുവജനശുശ്രൂഷയിൽ പുതിയ ഉണർവ് നല്‌കുന്നതിന് കേരള കത്തോ ലിക്കാമെത്രാൻ സമിതി (KCBC) 2024-നെ കേരള കത്തോലിക്കാസഭയിൽ യുവജനവർഷമായി പ്രഖ്യാപിക്കുന്നു.

കേരളത്തിലെ വ്യക്തിഗതസഭകളായ സീറോ-മലബാർ, ലത്തീൻ, സീറോ-മലങ്കര സഭകളുടെ സംയുക്ത വേദിയായ കെസിബിസിയുടെ യുവജനകമ്മീഷനാണ് 2024 ലെ യുവജനവർഷാചരണത്തിനുള്ള കർമ്മപദ്ധതികൾക്ക് നേതൃത്വം നല്‌കുന്നത്. കെസിബിസി യുവജനകമ്മീഷന് സാരഥ്യം വഹിക്കുന്നത് അഭിവന്ദ്യ ക്രിസ്‌തുദാസ് പിതാവ് ചെയർമാനായും വന്ദ്യരായ മാത്യൂസ് മാർ പോളികാർപ്പസ് പിതാവും മാർ ജോസഫ് പണ്ടാരശ്ശേരി പിതാവും വൈസ് ചെയർമാന്മാരും ബഹു. ഫാദർ സ്റ്റീഫൻ തോമസ് ചാലക്കര സെക്രട്ടറിയും ആയിട്ടുള്ള ടീമാണ്. കമ്മീഷന്റെ പ്രവർത്തനമേഖലയിൽ വരുന്ന എല്ലാ യുവജന പ്രസ്ഥാനങ്ങളെയും ചേർത്തുനിർത്തിയുള്ള യുവ ജനവർഷാചരണത്തിന് ഇവർ നേതൃത്വം നല്‌കുന്നതാണ്. കേരളത്തിലെ മൂന്നു റീത്തുകളിലെയും യുവജനപ്രസ്ഥാനങ്ങൾ, കേരളത്തിൽ പ്രവർത്തിച്ചുവരുന്ന വിവിധ കത്തോലിക്കാ യുവജനസം ഘടനകൾ എന്നിവർ ഒരുമിച്ചു സഹകരിച്ച് യുവജനവർഷം ഉചിതമായി ആചരിക്കണമെന്ന് താല്പര്യപ്പെടുന്നു.

യുവജന വർഷത്തിൻ്റെ ആപ്‌തവാക്യം

‘കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുള്ള ക്രൈസ്‌തവ യുവത്വം’ (Christian Youth with Compassionate Eyes, Passionate Heart and Fire winged Feets), 

കരുണയുള്ള കണ്ണുകളും പുത്രനായ ദൈവത്തിന്റെ തീക്ഷണ ഹൃദയവും പരിശുദ്ധാത്മാവായ ദൈവത്തിന്റെ അഗ്‌നി ചിറകുള്ള കാലുകളും ക്രൈസ്‌തവ യുവതയുടെ ലക്ഷണങ്ങളായി മാറണമെന്ന ആഹ്വാനം പേറുന്നതാണ് ഈ ആപ്‌തവാക്യം. ‘ക്രിസ്‌തുവിൽ വേരുന്നിയതും വിശ്വാസത്തിൽ ഉറച്ചതുമായ യുവജനം’ എന്ന യുവജന കമ്മീഷൻ്റെ മുഖ്യ പ്രമേയത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് യുവജന വർഷത്തിൻ്റെ ഈ ആപ്‌തവാക്യം.

യുവജന വർഷാചരണത്തിൻ്റെ പൊതു മാർഗ്ഗനിർദേശങ്ങൾ

സഭയിൽ യുവജനങ്ങൾക്കായ് നടത്തുന്ന അനേകം പരിപാടികളിൽ ഒന്നായ് യുവജനവർഷാചരണം മാറാതിരിക്കാൻ എല്ലാ പദ്ധതികൾക്കും ബാധകമാവുന്ന ചില പൊതു നിർദ്ദേശങ്ങൾ ചേർക്കുന്നു.

1. സഭയേയും സമൂഹത്തേയും സംബന്ധിച്ച് യുവജനങ്ങൾക്ക് പങ്കുവയ്ക്കുവാനുള്ള ആശയങ്ങളും അഭിപ്രായങ്ങളും തുറന്ന മനസ്സോടെ കേൾക്കാൻ തക്ക വേദികൾ സൃഷ്‌ടിക്കപ്പെടണം.

2. കത്തോലിക്കാ സ്വത്വബോധം നൽകുന്ന കൂടിവരവുകൾ, തീർത്ഥയാത്രകൾ ഇവയ്ക്ക് പ്രാധാന്യം.

3. യുവജനങ്ങൾക്ക് മിഷൻ ചൈതന്യം നൽകുന്ന പരിശീലന പദ്ധതികൾ.

4. കേരള കത്തോലിക്കാസഭയിലെ 3 റീത്തുകളിലെയും യുവജന സംഘടനകളുടെ സഹവർത്തിത്വവും, സഹകരണവും ഉറപ്പാക്കുന്ന സംഗമങ്ങളും, പഠന ശിബിരങ്ങളും

5. ആഴമാർന്ന ക്രൈസ്‌തവ വിശ്വാസവും മൂല്യങ്ങളും പ്രഘോഷിക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേത്യത്വത്തെ രൂപപ്പെടുത്തുന്ന പദ്ധതികൾ

യുവജനവർഷത്തിന് ആരംഭം കുറിക്കുന്നതിന്റെ ഭാഗമായി 2024 ജനുവരി 7-ാം തിയതി ഞായ റാഴ്ച‌ എല്ലാ ഇടവകകളിലും യുവജന പതാക ഉയർത്തുകയും ഇതോടൊപ്പം തന്നിട്ടുള്ള പ്രത്യേക പ്രാർഥന ചൊല്ലുകയും വേണം. എല്ലാ യുവജനസംഗമങ്ങളിലും ഈ പ്രാർഥന ഉപയോഗിക്കാവു ന്നതാണ്.

യുവജനവർഷ പ്രാർത്ഥന

കാരുണ്യവാനായ ദൈവമേ, കേരള സഭാ നവീകരണത്തിൻ്റെ ഭാഗമായി 2024 യുവജനവർഷമായി ആചരിക്കുവാൻ തന്ന കൃപയെ ഓർത്ത് അങ്ങേക്ക് നന്ദി പറയുന്നു. യുവാവായ ക്രിസ്‌തു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്നതു പോലെ കേരളസഭയിലെ യുവജനങ്ങളെല്ലാം വിശുദ്ധിയിലും വിശ്വാസത്തിലും പ്രത്യാശയിലും പരസ്പ‌ര സ്നേഹത്തിലും വളരുവാൻ അങ്ങ് കൃപചെയ്യണമേ ‘കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുള്ള ക്രൈസ്‌തവ യുവത്വം’ എന്ന യുവജനവർഷ ആപ്തവാക്യം അനുദിന കർമങ്ങളുടെ ഭാഗമാക്കി മാറ്റാൻ പ്രാപ്‌തരാക്കണമെ. ദൈവവചനത്തിൽ ആഴപ്പെട്ടവരും പരിശുദ്ധ ദിവ്യകാരുണ്യത്തിൽ ബലപ്പെട്ടവരും പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടവരുമായ യുവജനങ്ങളാൽ തിരുസഭയെ സമ്പന്നമാക്കണമേ. പരിശുദ്ധ മാർപാപ്പായെയും മെത്രാന്മാരെയും വൈദീകരെയും സന്യസ്‌തരെയും അല്‌മായ പ്രേഷിതരെയും കാത്തുപരിപാലിക്കണമെ. എല്ലാ യുവജന സംഘടനകളെയും അവരുടെ നേതാക്കളെയും അവരെ നയിക്കുന്നവരെയും വിശ്വാസത്തിൽ നവീകരിക്കണമെ. ദൈവവിളികൾ വർദ്ധിപ്പിക്കണമെ. പഠന മേഖലകളെയും തൊഴിലിടങ്ങളെയും ആശീർവദിക്കണമെ. കത്തോലിക്കാ വിശ്വാസത്തിനു ചേർന്ന ജീവിതാന്തസ്സ് തിരഞ്ഞെടു ക്കുവാനുള്ള വിവേകവും ജ്ഞാനവും നൽകി പരിപോഷിപ്പിക്കണമെ. പ്രവാസികളായ യുവജന ങ്ങളെ കാത്തുകൊള്ളണമേ. കാലത്തിൻ്റെ അടയാളങ്ങളെ വായിക്കുവാനും പ്രലോഭനങ്ങളെ അതിജീവിക്കുവാനുമുള്ള വിവേകം അങ്ങ് നൽകേണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, തിരുസഭയിലെ സകല വിശുദ്ധന്മാരെ യുവജനങ്ങൾക്കായി പ്രാർത്ഥിക്കണമേ.

ആമ്മേൻ.

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.